കൊച്ചി: മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 21, 22 തീയതികളില്‍ നടത്താനിരുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ കളക്ടര്‍. വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എന്‍.എസ്.കെ ഉമേഷ് ഉത്തരവിറക്കി. വെടിക്കെട്ട് നടത്താൻ ലൈസന്‍സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീ മരട്ടില്‍ കൊട്ടാരം ഭഗവതി ദേവസ്വം സെക്രട്ടറി അപേക്ഷ നല്‍കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തൃപ്പൂണിത്തുറ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അപേക്ഷയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് അനുമതി നിഷേധിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്. ക്ഷേത്ര ഗ്രൗണ്ടിന്റെ കിഴക്കുവശം റോഡാണ്. റോഡിന്റെ കിഴക്കുവശത്ത് ഇരുനില വ്യാപാരസ്ഥാപനങ്ങളും വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. ഗ്രൗണ്ടിന്റെ തെക്കുവശത്ത് മാങ്കായില്‍ സ്‌കൂളും ഐ.ടി.ഐയുടെ പുതിയ കെട്ടിടവും ആണ് സ്ഥിതി ചെയ്യുന്നത്.


ഈ ഗ്രൗണ്ടില്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്തുന്നതിനുള്ള സൗകര്യമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഗ്രൗണ്ടിനോട് ചേര്‍ന്ന് താമസത്തിനുള്ള കെട്ടിടങ്ങളും മറ്റ് വ്യാപാരസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി വെടിക്കെട്ട് വീക്ഷിക്കുന്നതിന് പ്രധാനമായും റോഡും ക്ഷേത്രപരിസരവും സ്‌കൂള്‍ പരിസരവുമാണ് ഉപയോ​ഗിക്കാൻ സാധിക്കുക.


ഇവ 50-60 മീറ്റര്‍ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലും സമീപകാലത്തുണ്ടായ അപകടങ്ങളുടെ സാഹചര്യത്തിലും കണയന്നൂര്‍ തഹസില്‍ദാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ വെടിക്കെട്ട് നടത്തുന്നതിന് അനുമതി നിഷേധിച്ച് ഉത്തരവിറക്കിയത്.